പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ പല പ്രവാസി സുഹൃത്തുക്കളും അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ബഹു: കേരളാ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലൂടെ പങ്കുവെച്ച വിവരങ്ങളുടെ രത്നച്ചുരുക്കം:
- സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിന് വേണ്ടിയാണ് കേരളം നോർക്ക മുഖേനെ രജിസ്ട്രേഷൻ നടത്തുന്നത്. ഈ രജിസ്ട്രേഷൻ വിമാന ടിക്കറ്റ് ബുക്കിംഗിനോ, ബുക്കിംഗ് മുൻഗണനയ്ക്കോ, മറ്റു ഇളവിനോ അല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.
- വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വ്വീസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വ്വീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തില്‍, ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും, അടിയന്തിരമായി നാട്ടിൽ എത്തേണ്ടതുമായ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
- ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വിസാകാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്റ് വീസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.
- രജിസ്റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആള്‍ക്കാരുടെ കാര്യത്തില്‍ ആശയക്കുഴങ്ങളില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതു മുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്. എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സ്ക്രീനിംഗ് നടത്താന്‍ സജ്ജീകരണം ഒരുക്കും.
- തിരിച്ചെത്തുന്ന പ്രവാസികൾക്കായി സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണം.
- തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അത് ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെത്തുന്ന പ്രവാസികൾക്കുള്ള നിയന്ത്രണങ്ങൾ
- നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏര്‍പ്പാടുകള്‍ പാടില്ല.
- സ്വന്തം വാഹനം വരികയാണെങ്കില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.
- വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ സന്ദര്‍ശിക്കരുത്.
- രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്ററുകളില്‍ ഭദ്രമായി സൂക്ഷിക്കും.
തയ്യാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.