അബുദാബിയിലെത്തുന്ന അന്താരാഷ്ട്ര യാത്രികർ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണം

GCC News

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും, തങ്ങൾ യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തണമെന്ന് അബുദാബി ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബിയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും നിർബന്ധമാക്കിയിട്ടുള്ള ക്വാറന്റീൻ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ, നിവാസികൾ എന്നിവരുൾപ്പടെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്. സെപ്റ്റംബർ 28-ന് രാവിലെ പുറത്തുവിട്ട ഈ തീരുമാന പ്രകാരം, അബുദാബിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും (ബോർഡർ ചെക്ക്പോയിന്റ്, വിമാനത്താവളം, തുറമുഖം ഉൾപ്പടെ) യാത്രികർ തങ്ങൾ യു എ ഇയിൽ പ്രവേശിച്ച തീയ്യതി വെളിപ്പെടുത്തേണ്ടതാണ്. അബുദാബി പോലീസുമായി സംയുക്തമായാണ് കമ്മിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്.

അബുദാബിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ, സഞ്ചാരികൾ, പ്രവാസികൾ തുടങ്ങി മുഴുവൻ അന്താരാഷ്ട്ര യാത്രികർക്കും സെപ്റ്റംബർ 17 മുതൽ 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തി മറ്റു എമിറേറ്റുകളിൽ താമസിച്ച ശേഷം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക്, മറ്റു എമിറേറ്റിൽ താമസിച്ച ദിനങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ കാലാവധിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. ഈ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിച്ച തീയ്യതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്.

ഈ നടപടികളിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ അറ്റോർണി ജനറൽ നിർദ്ദേശിച്ചിട്ടുള്ള പിഴ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ ഔദ്യോഗിക ക്വാറന്റീൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.