തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന സൗദി അറേബ്യയിലെ ആറാമത്തെ കേന്ദ്രമാണിത്.
“മാനവിക നാഗരികതയിൽ സൗദി അറേബ്യയ്ക്കുള്ള ശ്രേഷ്ടമായ പൈതൃകത്തിന് അടിവരയിടുന്നതാണ് ഈ തീരുമാനം. ഇത് ലോകത്തിന് മുൻപിൽ അവതരിപ്പിക്കുന്നതിനായി രാജ്യം കൈകൊണ്ട നടപടികൾ വിജയം കണ്ടിരിക്കുന്നു.”, ഹിമയിലെ പ്രാചീന ശിലാലിഖിതങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയതിനെക്കുറിച്ച് പ്രതികരിച്ച് കൊണ്ട് സൗദി സാസ്കാരിക വകുപ്പ് മന്ത്രി പ്രിൻസ് ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അറിയിച്ചു.
ഹജ്ജ് തീർത്ഥാടനത്തിനും, കച്ചവടത്തിനുമായി മെസോപ്പൊട്ടാമിയ, ഈജിപ്ത് മുതലായ ഇടങ്ങളിൽ നിന്ന് പുരാതനകാലം മുതൽ തെക്കൻ സൗദി അറേബ്യയിലേക്കുള്ള സഞ്ചാരപാതയിൽ സഞ്ചാരികളുടെ ഒരു പ്രധാന ഇടത്താവളമായിരുന്നു പടിഞ്ഞാറൻ നജ്റാനിലെ ഹിമ. ഇത്തരം യാത്രികർ ശിലയിൽ നിർമ്മിച്ച അനേകം കലാനിർമ്മിതികളും, ശിലാലിഖിതങ്ങളും ഈ മേഖലയിൽ ഇന്നും ദൃശ്യമാണ്. ശിലയിൽ തീർത്ത ഈ കലാദൃശ്യങ്ങളിൽ കൃഷി, നായാട്ട്, വന്യജീവികൾ, സസ്യങ്ങൾ, മറ്റു ചിഹ്നങ്ങൾ എന്നിവ കാണാനാകുന്നതാണ്.
ഇതിന് പുറമെ പ്രാചീന ലിപികളായ മുസ്‌നദ്, നബാതിയൻ, ആദ്യകാലത്തെ അറബിക് മുതലായവയിലുള്ള ശിലാലിഖിതങ്ങളും ഇവിടെ ധാരാളം കണ്ട് വരുന്നു.
നജ്‌റാൻ മരുഭൂമിയിൽ ശുദ്ധജലം ലഭിക്കുന്നതിനായി മൂവായിരം വർഷങ്ങൾക്ക് മുൻപ് പണിതീർത്ത കിണറുകൾ ഈ മേഖലയുടെ മറ്റൊരു പ്രത്യേകതയാണ്. ഈ കിണറുകളിൽ ഇന്നും ശുദ്ധജലം ലഭ്യമാണ്.
മദാഇൻ സലേഹ്, തരിഫ്, ചരിത്രപ്രസിദ്ധമായ ജിദ്ദ, ഹൈൽ മേഖലയിലെ ശിലയിൽ തീർത്ത കലാസൃഷ്ടികൾ, അൽ അഹ്‌സ മരുപ്പച്ച എന്നിവയാണ് സൗദി അറേബ്യയിൽ നിന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടിയിട്ടുള്ള മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
Photos: Saudi Press Agency.