ഒമാൻ: ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തി

Oman

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ ദോഫർ ഗവർണറേറ്റിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു. ദോഫർ ഗവർണറേറ്റിലെ മലനിരകളുടെ താഴ്വാരങ്ങളിലാണ് അറേബ്യൻ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഈ പുള്ളിപ്പുലിയുടെ ദൃശ്യം അധികൃതർ ഒക്ടോബർ 19-ന് പുറത്തുവിട്ടു.

ദോഫർ ഗവർണറേറ്റിലെ വന്യജീവികളുടെ സ്വഭാവ രീതികൾ പഠിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഒരു കാമറ ട്രാപ്പിലാണ് ഈ ദൃശ്യം പതിഞ്ഞത്. ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപുലികളാണിവ. അറേബ്യൻ ഉപദ്വീപുകളിൽ കാണപ്പെടുന്ന ഈ പുള്ളിപ്പുലി ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു.

2006-ലെ കണക്കുകൾ പ്രകാരം ആകെ 200-ൽ താഴെ അറേബ്യൻ പുള്ളിപ്പുലികളാണ് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നതെന്നാണ് നിഗമനം. അറേബ്യൻ ഉപദ്വീപുകളിൽ, വലിയ മേഖലകളിലായി വേർപിരിഞ്ഞ് കിടക്കുന്ന ഇവയുടെ വംശം, അവയുടെ സ്വാഭാവിക വാസസ്ഥാനങ്ങൾക്ക് ഏൽക്കുന്ന നാശത്തിൽ നിന്നും, മനുഷ്യരുടെ ഭാഗത്ത് നിന്നുള്ള പരിധിയില്ലാത്ത വേട്ടയാടൽ മൂലം ഇരകൾ ഇല്ലാതാകുന്നത് കൊണ്ടും വലിയ ഭീഷണിയാണ് നേരിടുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള അറേബ്യൻ പുള്ളിപ്പുലികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരുന്നതായാണ് കരുതുന്നത്.