ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ സൗഹൃദ മത്സരം. ഈ മത്സരം കാണുന്നതിനായി ഏതാണ്ട് മുപ്പതിനായിരത്തിലധികം കാണികൾ സ്റ്റേഡിയത്തിലെത്തി.
ലയണൽ മെസ്സി ഉൾപ്പടെയുള്ള മുൻനിര ഫുട്ബാൾ താരങ്ങൾ ഈ സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്കായി കളത്തിലിറങ്ങിയിരുന്നു.

അർജന്റീനയ്ക്കായി മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ജൂനിയർ അൽവാരെസ് ആദ്യ ഗോൾ നേടി. ഇരുപത്തഞ്ചാം മിനിറ്റിലും, മുപ്പത്തഞ്ചാം മിനിറ്റിലും ഏഞ്ചൽ ഡി മരിയ അർജന്റീനയ്ക്കായി രണ്ട് ഗോളുകൾ നേടി.

നാല്പത്തിനാലാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളോടെ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന 4 – 0 എന്ന നിലയിൽ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ജൊവാക്വിൻ കോറയ (അമ്പത്തൊമ്പതാം മിനിറ്റ്) അർജന്റീനയ്ക്കായി ലീഡ് ഉയർത്തി.
ലോകകപ്പ് 2022 ടൂർണമെന്റിന് മുന്നോടിയായി അർജന്റീന കളിക്കുന്ന അവസാനത്തെ സന്നാഹ മത്സരമാണിത്.
Photo Source: @UAEFNT