സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

GCC News

സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും, കൈയ്യേറ്റം ചെയ്യുന്നതും നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ട്വിറ്ററിലൂടെ പുറത്തുവിട്ട ഒരു ബോധവത്കരണ വീഡിയോ ദൃശ്യത്തിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇക്കാര്യം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയത്.

“യു എ ഇ ഫെഡറൽ പീനൽ കോഡിലെ, ആർട്ടിക്കിൾ 248 പ്രകാരം, സർക്കാർ ജീവനക്കാർ, പൊതു സേവനങ്ങൾ നൽകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ജീവനക്കാർ തുടങ്ങിയവർക്കെതിരെ കയ്യേറ്റശ്രമം, ഭീഷണി, അക്രമം മുതലായ പ്രവർത്തങ്ങളിലൂടെ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതും, അവരുടെ ഉത്തരവാദിത്വങ്ങൾ തടസപ്പെടുത്തുന്നതും നിയമപരമായി കുറ്റകരമാണ്. ഇത്തരം ശ്രമങ്ങളിലൂടെ നിയമം മറികടക്കുന്നവർക്ക് ഒരു വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ പങ്ക് വെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.

യു എ ഇയിലെ പൊതു സമൂഹത്തിനിടയിൽ നിയമവ്യവസ്ഥയെക്കുറിച്ച് അവബോധം ഉളവാക്കുന്നതിനും, നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന രീതിയിലുള്ള സംസ്‌കാരം വളർത്തിയെടുക്കുന്നതിനുമായാണ് ഈ അറിയിപ്പ് നൽകുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ അജ്ഞത മൂലമുണ്ടാകുന്ന അക്രമപ്രവർത്തനങ്ങൾ തടയാൻ സഹായകമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.