ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്തേർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണ വേളകളിലും വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ തുടരുമെന്ന് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി. ഒക്ടോബർ 11, ഞായറാഴ്ച്ചയാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യേണ്ടവർ, യാത്രാ ടിക്കറ്റുകളുടെ കോപ്പി കൈവശം കരുതാനും ഒമാൻ എയർപോർട്ട്സ് ഓർമ്മപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സംബന്ധമായ പോലീസ് പരിശോധനകളിൽ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിന് യാത്രാ ടിക്കറ്റുകളുടെ കോപ്പി നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
“കർഫ്യൂ വേളയിൽ ഒമാനിലെ വിമാനത്താവളങ്ങളിലേക്കും, തിരികെയും സഞ്ചരിക്കുന്ന യാത്രികരും, ഇത്തരം യാത്രികരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനും, വിമാനത്താവളങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനും സഞ്ചരിക്കുന്നവരും, തങ്ങളുടെ കൈവശം വിമാന ടിക്കറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പി സൂക്ഷിക്കേണ്ടതാണ്. പോലീസ് പരിശോധനകളിൽ കർഫ്യു ലംഘനത്തിന് പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഇത് നിർബന്ധമായും പാലിക്കേണ്ടതാണ്.”, ഒമാൻ എയർപോർട്ട്സ് അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെ ദിനവും രാത്രി 8-നും, പുലർച്ചെ 5-നും ഇടയിലാണ് ഒമാനിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) ആവശ്യപ്പെട്ടിട്ടുണ്ട്.