ബഹ്‌റൈൻ: രോഗബാധയേൽക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് ബൂസ്റ്റർ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മേഖലയിലെ മുൻനിര പ്രവർത്തകർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് രണ്ടാമതൊരു ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.

ഈ വിഭാഗക്കാർക്കുള്ള രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് 2022 ഫെബ്രുവരി 3 മുതൽ നൽകിത്തുടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ കുത്തിവെപ്പ് നിർബന്ധമല്ലെന്നും, ഈ പ്രായവിഭാഗക്കാർക്കിടയിൽ രണ്ടാം ഡോസ് ബൂസ്റ്റർ എടുക്കുന്നതിന് ആഗ്രഹമുള്ളവർക്കാണ് ഇത് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബഹ്‌റൈനിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.

ഈ കുത്തിവെപ്പ് നിർബന്ധമല്ലാത്തതിനാൽ, രണ്ടാം ഡോസ് ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാത്തവരുടെ BeAware ആപ്പിലെ ഗ്രീൻ ഷീൽഡ് മഞ്ഞ നിറത്തിലേക്ക് മാറില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ കുത്തിവെപ്പിന് അർഹതയുള്ളവർക്ക് രാജ്യത്തെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രണ്ടാം ഡോസ് ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി പ്രത്യേക മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല.