ബഹ്‌റൈൻ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു

GCC News

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തുബ്ലി ബേ മേഖലയിൽ നടക്കേണ്ടിയിരുന്ന ഈ വെടിക്കെട്ട്, നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ മുൻനിർത്തി, പൊതു സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് റദ്ദാക്കിയത്.

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയാണ് (BTEA) നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ തീരുമാനം കൈകൊണ്ടത്. ഡിസംബർ 25, വെള്ളിയാഴ്ച്ചയാണ് ഈ തീരുമാനം ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട് ചെയ്തത്.

പുതുവർഷരാവിലെ കരിമരുന്ന് പ്രയോഗം വലിയ രീതിയിലുള്ള ജനക്കൂട്ടത്തിനിടയാക്കാമെന്ന നിഗമനത്തിൽ BTEA എത്തിച്ചേരുകയായിരുന്നു. COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങൾ വീഴ്ച കൂടാതെ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാജ്യത്തെ ആരോഗ്യ മേഖലയുമായി ചേർന്ന് തുടരുന്നതായി BTEA വ്യക്തമാക്കി. ഇത്തരം മുൻകരുതൽ നടപടികൾ രാജ്യത്തെ ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും, ആഘോഷവേളകൾ സുരക്ഷിതമായി വീണ്ടും രാജ്യത്ത് മടങ്ങിയെത്തുന്നതിനും സഹായകമാകുമെന്നും BTEA കൂട്ടിച്ചേർത്തു.