ബഹ്‌റൈൻ: പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനം

GCC News

രാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാന മന്ത്രിയുമായ H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ഓൺലൈനിലൂടെ നടന്ന ബഹ്‌റൈൻ സർക്കാരിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ COVID-19 വ്യാപനം തടയുന്നതിനും, മുഴുവൻ ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ബഹ്‌റൈൻ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ ഒരു COVID-19 വാക്സിൻ ലഭ്യമാകുന്ന ഉടൻ തന്നെ രാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും അത് സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിന് ആവശ്യമായ നടപടികളും ഈ യോഗത്തിൽ ചർച്ച ചെയ്തതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചത്. ലോകാരോഗ്യ സംഘടനയും, ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയും അംഗീകരിച്ച സുരക്ഷിതമായ വാക്സിൻ ആയിരിക്കും വിതരണത്തിനായി തിരഞ്ഞെടുക്കുക എന്ന് ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏതു കമ്പനിയുടെ വാക്സിനാണ് ഇത്തരത്തിൽ രാജ്യത്ത് വിതരണം ചെയ്യാൻ തയ്യാറാകുന്നതെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ നിലവിൽ ലഭിച്ചിട്ടില്ല.

ബഹ്‌റൈനിലെ 27 ആരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് നടപ്പിലാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമായ എല്ലാവർക്കും വാക്സിൻ നൽകാനുള്ള പദ്ധതികളാണ് ബഹ്‌റൈൻ തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിദിനം 5000 പേർക്ക് വാക്സിൻ നൽകുന്നതിനും, തുടർന്ന് ഇത് പ്രതിദിനം 10000 പേരിലേക്ക് ഉയർത്തുന്നതിനും ബഹ്‌റൈൻ ലക്ഷ്യമിടുന്നതായാണ് ലഭിക്കുന്ന വിവരം.

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന് ബഹ്‌റൈൻ ഡിസംബർ 4-ന് അംഗീകാരം നൽകിയിരുന്നു.