ബഹ്‌റൈൻ: തൊഴിൽ മേഖല പരിഷ്‌കരിക്കാൻ തീരുമാനം; പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും

GCC News

രാജ്യത്തെ തൊഴിൽ മേഖല പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള ഏതാനം തീരുമാനങ്ങൾ ബഹ്‌റൈൻ പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു. 2022 ഒക്ടോബർ 5-ണ് രാത്രി ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിലെ ഫ്ലെക്സി പെർമിറ്റുകൾക്ക് പകരമായി തൊഴിൽ മേഖലയിൽ നവീനമായ ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതാണ്. ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഈ പുതിയ തീരുമാനപ്രകാരം, തൊഴിടങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വർക്ക് പെർമിറ്റുകൾ വ്യാവസായികമായതും, തൊഴിൽപരമായതുമായ അടിസ്ഥാന വ്യവസ്ഥകളുമായി ബന്ധപ്പെടുത്തുന്നതാണ്. തൊഴിലാളികളെ രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായി ഒരു ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടൽ, പുതിയ രജിസ്‌ട്രേഷൻ സേവനകേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതാണ്.

തൊഴിലാളികളും, തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (LMRA) പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകളും നടപ്പിലാക്കുന്നതാണ്. ഈ പുതിയ തീരുമാനങ്ങൾ LMRA-യുടെ കീഴിലായിരിക്കും നടപ്പിലാക്കുന്നതെന്നാണ് ഈ ഉത്തരവിൽ വ്യക്തമാക്കുന്നത്. തെറ്റായ തൊഴിൽരീതികൾ പിന്തുടരുന്ന തൊഴിലുടമകളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകൾക്കുള്ള വ്യവസ്ഥകളും ഈ തീരുമാനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

Cover Image: Bahrain News Agency.