ആസ്ട്രസെനേക്കാ COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് (NHRA) ഈ വാക്സിന് അംഗീകാരം നൽകിയത്.
ബഹ്റൈനിൽ അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ചൈനീസ് നിർമ്മിത സിനോഫാം വാക്സിൻ, ഫൈസർ വാക്സിൻ എന്നിവയ്ക്കും ബഹ്റൈനിൽ ഈ അംഗീകാരം നൽകിയിരുന്നു. COVID-19 വൈറസിനെതിരെ ഈ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പിന് ശേഷം 70.42% ഫലപ്രദമാണെന്ന് ആസ്ട്രസെനേക്കാ പുറത്ത്വിട്ട പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വാക്സിൻ പൊതുവെ സുരക്ഷിതമാണെന്നാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്.
ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്.