ബഹ്‌റൈൻ: അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിൻ ഉപയോഗിക്കാൻ തീരുമാനം

GCC News

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും മറ്റും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനിന് അംഗീകാരം നൽകിയതായി ബഹ്‌റൈൻ അറിയിച്ചു. ഡിസംബർ 4, വെള്ളിയാഴ്ച്ചയാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഈ തീരുമാനം റിപ്പോർട്ട് ചെയ്തത്.

ഇതോടെ അടിയന്തിര ആവശ്യങ്ങൾക്ക് ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിനിന് അംഗീകാരം നൽകുന്ന ആഗോളതലത്തിലെ രണ്ടാമത്തെ രാജ്യമായി ബഹ്‌റൈൻ. ഇതേ വാക്സിനിന് അംഗീകാരം നൽകാൻ യു കെ ഡിസംബർ 2, ബുധനാഴ്ച്ച തീരുമാനിച്ചിരുന്നു.

വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സിനോഫം പുറത്തിറക്കുന്ന COVID-19 വാക്സിനും ബഹ്‌റൈൻ നവംബറിൽ അംഗീകാരം നൽകിയിരുന്നു.