റഷ്യൻ നിർമ്മിത ഒറ്റ ഡോസ് COVID-19 വാക്സിനായ സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് (NHRA) ഈ വാക്സിന് അംഗീകാരം നൽകിയത്.
മെയ് 11-ന് രാത്രിയാണ് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന ആറാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ സിനഫോം വാക്സിൻ, ഫൈസർ വാക്സിൻ, ആസ്ട്രസെനേക്കാ വാക്സിൻ, ജോൺസൻ & ജോൺസൺ വാക്സിൻ, സ്പുട്നിക് V വാക്സിൻ എന്നിവയ്ക്കും ബഹ്റൈൻ NHRA ഈ അനുമതി നൽകിയിരുന്നു.
റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക് ലൈറ്റ് വാക്സിൻ തയ്യാറാക്കിയത്. ഒറ്റ ഡോസ് കുത്തിവെപ്പ് എന്ന രീതിയിലാണ് ഈ വാക്സിൻ നൽകുന്നത്. ഈ വാക്സിൻ സംബന്ധമായ വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് NHRA ഈ അനുമതി നൽകിയിരിക്കുന്നത്.
Photo: moh.gov.bh