ബഹ്‌റൈൻ: COVID-19 രോഗവ്യാപനത്തിനെതിരെ ഒക്ടോബർ 14 വരെ ജാഗ്രത തുടരാൻ നിർദ്ദേശം

Bahrain

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ കർശനമായി തുടരാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടീം നടത്തിയ പത്ര സമ്മേളനത്തിലാണ് രാജ്യത്തിൻറെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിക്കാൻ പൊതു സമൂഹത്തോട് ആഹ്വാനം ചെയ്‌തത്‌.

https://twitter.com/MOH_Bahrain/status/1312775013335003137

‘Commit4Bahrain’ എന്ന പേരിലുള്ള ആരോഗ്യ സുരക്ഷാ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഒക്ടോബർ 14 വരെ തുടരാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. മുഴുവൻ സമൂഹത്തിന്റെയും സംരക്ഷണം മുൻനിർത്തി, അശ്രാന്തപരിശ്രമത്തോടും, ദൃഢനിശ്ചയത്തോടും സാമൂഹിക ഉത്തരവാദിത്വത്തിനായി സ്വയം സമർപ്പിക്കാനും, രോഗവ്യാപന സാഹചര്യങ്ങൾ തടയുന്നതിനുമായാണ് ‘Commit4Bahrain’ ആരംഭിച്ചത്.

നിലവിൽ രാജ്യത്ത് പ്രകടമാകുന്ന രോഗബാധിതരിലെ വർധനവ് സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ടുള്ള സാമൂഹിക ഒത്തുചേരലുകൾ, മറ്റു ചടങ്ങുകൾ എന്നിവ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്‌റൈനിലെ രോഗവ്യാപനം തടയുന്നതിനായി ഇത്തരം ചടങ്ങുകളും, ഒത്തുചേരലുകളും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ ചൂണ്ടിക്കാട്ടി.

പൊതുഇടങ്ങളിൽ മുഴുവൻ സമയവും മാസ്കുകൾ ധരിക്കാനും, അത്യാവശ്യ കാര്യങ്ങൾക്കല്ലാത്ത യാത്രകൾ ഒഴിവാക്കാനും, സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികളുണ്ടാകുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.