ബഹ്‌റൈൻ: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

GCC News

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 11-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് ബഹ്‌റൈനിലെത്തിയ ഒരു വ്യക്തിയിലാണ് ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇദ്ദേഹം ബഹ്‌റൈനിൽ ആരുമായും സമ്പർക്കത്തിനിടയായിട്ടില്ലെന്നും, ഇദ്ദേഹത്തിന്റെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ച് വരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ വ്യക്തി നിലവിൽ ക്വാറന്റീനിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വകഭേദം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും കൈക്കൊണ്ടതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിവാസികളോട് ബൂസ്റ്റർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും, പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

മേഖലയിൽ യു എ ഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.