ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 6000 സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഈ പരീക്ഷണങ്ങളുടെ ഭാഗമായി 6000 സന്നദ്ധസേവകരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ ഈ പരീക്ഷണങ്ങൾ ആരംഭിച്ച് കേവലം ആറ് ആഴ്ച്ചകൾക്കുള്ളിലാണ് 6000 സന്നദ്ധസേവകർ പങ്കാളികളായി ചേർന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIECC) നടന്നു കൊണ്ടിരിക്കുന്ന ഈ വാക്സിൻ പരീക്ഷണങ്ങളിൽ സന്നദ്ധസേവകരായവരിൽ ബഹ്‌റൈൻ പൗരന്മാരും നിവാസികളും ഉൾപ്പെടുന്നു.
വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നതിൽ പൊതുജനങ്ങൾ പ്രകടമാക്കുന്ന വലിയ താത്പര്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി ഫയിഖ ബിൻത് സൈദ് അൽ സലേഹ് പ്രശംസിച്ചു. ആറ് ആഴ്ച്ച കൊണ്ട് 6000 പേരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ബഹ്‌റൈൻ നിവാസികളുടെ സാമൂഹിക പ്രതിബദ്ധതയും, ഉത്തരവാദിത്വബോധവും എടുത്തുകാട്ടുന്നതായും അവർ ചൂണ്ടിക്കാട്ടി.
ഇതുവരെയുള്ള പരീക്ഷണങ്ങൾ തീർത്തും സുരക്ഷിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട 6000 സന്നദ്ധസേവകർ എന്ന ലക്ഷ്യം പൂർത്തിയാക്കിയെങ്കിലും, കൂടുതലായി 1700 സന്നദ്ധസേവകരെ കൂടി പരീക്ഷണങ്ങളിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു.
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവരിൽ നിന്നാണ് സന്നദ്ധസേവകരെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധസേവകരാകാൻ താത്‌പര്യമുള്ളവർക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ BIECC-ൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നതിനുള്ള സന്നദ്ധത അറിയിക്കാവുന്നതാണ്.
ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ബഹ്‌റൈനിൽ ഓഗസ്റ്റ് 10 മുതൽ നടന്നുവരുന്നത്. യു എ ഇയുമായി ചേർന്നാണ് ബഹ്‌റൈൻ ആരാഗ്യമന്ത്രാലയം രാജ്യത്ത് ഈ വാക്സിൻ പരീക്ഷണം നടപ്പിലാക്കുന്നത്.