ബഹ്‌റൈൻ: COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ

GCC News

രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സെൽഫ് ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ജൂൺ 3-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ബഹ്‌റൈനിലെ COVID-19 രോഗബാധിതർ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ:

https://twitter.com/MOH_Bahrain/status/1400505495371255813
  • COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് SMS സന്ദേശത്തിലൂടെ നൽകുന്നതാണ്. ഇതിനായി ആരോഗ്യ കേന്ദ്രത്തിൽ സന്ദർശിക്കേണ്ടതില്ല.
  • COVID-19 രോഗബാധിതരാണെന്ന് അറിയിപ്പ് കിട്ടുന്നവർ ഉടൻ തന്നെ തങ്ങളുടെ ഫോണുകളിൽ ‘BeAware’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
  • ഇതിന് ശേഷം ഇവർ ‘BeAware’ ആപ്പിലെ ‘Start Quaranteen’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതോടെ COVID-19 പോസിറ്റീവ് ആകുന്നവരുടെ ഹോം സെൽഫ് ക്വാറന്റീൻ മോഡ് പ്രവർത്തനക്ഷമമാകുന്നതാണ്.
  • സ്വയം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നിബന്ധനയുടെ ഭാഗമായി ഉടൻ തന്നെ ‘BeAware’ ആപ്പിൽ സ്വന്തം ഫോട്ടോ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.
  • അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന ഇത്തരക്കാർ ആരോഗ്യ പരിശോധനകൾക്കായി ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലെത്തേണ്ടതാണ്. കൂടുതൽ പരിശോധനകൾ ആവശ്യമാകുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച തീയതി ഉൾപ്പടെയുള്ള അറിയിപ്പ് മന്ത്രാലയം നേരിട്ട് നൽകുന്നതാണ്.

ബഹ്‌റൈനിലെ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ:

https://twitter.com/MOH_Bahrain/status/1400507071880122373
  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ ഇത് സംബന്ധിച്ച വിവരം അറിയുന്ന ഉടൻ തന്നെ തങ്ങളുടെ ഫോണുകളിൽ ‘BeAware’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
  • രോഗബാധ സ്ഥിരീകരിച്ച ഓരോ വ്യക്തിയുടെയും സമ്പർക്കം പരിശോധിച്ച ശേഷം, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോൺടാക്ട് ട്രേസിങ്ങ് ടീം COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരെ രജിസ്റ്റർ ചെയ്യുന്നതാണ്.
  • സമ്പർക്കത്തിനിടയായവരെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിവരശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടുന്നതാണ്.
  • വിവരശേഖരണം പൂർത്തിയായ ശേഷം ഇത്തരം സമ്പർക്കത്തിനിടയായവർക്ക് ഹോം ക്വാറന്റീനിൽ തുടരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ലഭിക്കുന്നതാണ്.
  • ഈ അറിയിപ്പ് ലഭിക്കുന്നവർ ‘BeAware’ ആപ്പിലെ ‘Start Quaranteen’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്.
  • സ്വയം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നിബന്ധനയുടെ ഭാഗമായി ഉടൻ തന്നെ ‘BeAware’ ആപ്പിൽ സ്വന്തം ഫോട്ടോ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.
  • അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് സമ്പർക്കം സ്ഥിരീകരിച്ച ശേഷം ഒരു PCR ടെസ്റ്റ് നടത്തുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർ പത്ത് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • അമ്പതിൽ താഴെ പ്രായമുള്ളവർ പത്ത് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ കാലാവധിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ ഉടൻ അധികൃതരെ ബന്ധപ്പെടേണ്ടതാണ്.
  • ക്വാറന്റീൻ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ക്വാറന്റീൻ അവസാനിപ്പിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി ‘BeAware’ ആപ്പ് ഉപയോഗിച്ച് നേടേണ്ടതാണ്.

COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും ഈ വിവരം അറിയുന്ന ഉടൻ തന്നെ നിർബന്ധമായും സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ 444 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. PCR റിസൾട്ട് ലഭിക്കുന്നത് വരെ, അല്ലെങ്കിൽ അധികൃതർ അനുമതി നൽകുന്നത് വരെ ഇവർ ഐസൊലേഷനിൽ തുടരേണ്ടതാണ്.