തൊഴിലുടമകൾക്കും, തൊഴിലന്വേഷകർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനായുള്ള ഓൺലൈൻ സംവിധാനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബഹ്‌റൈൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന ഇ-ഗവണ്മെന്റ് സംവിധാനങ്ങളുടെ ഭാഗമായാണ്, തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
നൂതന സാങ്കേതിവിദ്യകളുടെ സഹായത്താൽ തൊഴിലുടമകൾ, ജീവനക്കാർ, തൊഴിലന്വേഷകർ മുതലായവർക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകുന്ന ഒരു സംവിധാനം തയ്യാറാക്കുന്നതിലും, അതിലൂടെ രാജ്യത്തെ ഡിജിറ്റൽ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിലും തൊഴിൽ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച ഇ-ഗവണ്മെന്റ് സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ ഒന്നെന്നുള്ള ബഹ്‌റൈനിന്റെ പദവി പ്രതിഫലിപ്പിക്കുന്ന രീതിയിൽ തന്നെയാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഇ-സേവന സംവിധാനം തയാറാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലുടമകൾക്ക് ഏറ്റവും മികച്ച തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനായുള്ള ഇ-സംവിധാനങ്ങൾ തൊഴിൽ മന്ത്രാലയം ആരംഭിച്ചതായും ഹുമൈദാൻ വെളിപ്പെടുത്തി. രാജ്യത്ത് ലഭ്യമായിട്ടുള്ള മാനവവിഭവങ്ങളിൽ നിന്നും ഈ സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് ഏറ്റവും മികച്ചതും, തങ്ങളുടെ സ്ഥാപങ്ങൾക്ക് അനുയോജ്യരായതുമായ തൊഴിലാളികളെ കണ്ടെത്തുന്നതിന് സാധ്യമാകും. ഇതിനു പുറമെ സ്ഥാപനങ്ങളിൽ വരുന്ന തൊഴിലവസരങ്ങൾ അറിയിക്കുന്നതിനും തൊഴിലുടമകൾക്ക് ഇതിലൂടെ സൗകര്യം ലഭിക്കുന്നതാണ്. ഈ സംവിധാനങ്ങൾ രാജ്യത്തെ മറ്റു സർക്കാർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇവയിൽ നൽകുന്ന തൊഴിലുടമകളുടെയും, തൊഴിലന്വേഷകരുടെയും മുഴുവൻ വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കാൻ സാധിക്കുമെന്നും ഹുമൈദാൻ അറിയിച്ചു.
https://www.mlsd.gov.bh/ എന്ന തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് കീഴിൽ ഈ സേവനങ്ങളെല്ലാം താമസിയാതെ ലഭ്യമാകുന്നതാന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇതോടെ ഡിജിറ്റൽ രൂപത്തിലേക്ക് മാറുമെന്നും, ഇത് സേവനങ്ങളുടെ ലഭ്യത കൂടുതൽ എളുപ്പമാക്കുമെന്നും ഹുമൈദാൻ വ്യക്തമാക്കി.