ബഹ്‌റൈൻ: ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഓൺലൈൻ സംവിധാനം ആരംഭിച്ചു

Bahrain

രാജ്യത്ത് ചെറിയ രീതിയിലുള്ള ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു. ‘eTraffic’ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഈ ഓൺലൈൻ സേവനം ഉപയോഗിക്കാവുന്നതാണ്.

ഈ സംവിധാനത്തിലൂടെ ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏറെ സുഗമമാകുന്നതാണ്. രണ്ടോ അതിലധികമോ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് നേരിട്ട് കൈക്കൊള്ളുന്നതിന് ഈ സംവിധാനം അവസരമൊരുക്കുന്നു.

താഴെ പറയുന്ന സേവനങ്ങളാണ് ഈ സംവിധാനത്തിലൂടെ നൽകുന്നത്:

  • ബഹ്‌റൈൻ പൗരന്മാർ, പ്രവാസികൾ, ജി സി സി പൗരന്മാർ എന്നിവർക്ക് തങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട ചെറിയ അപകടങ്ങളെക്കുറിച്ചുള്ള വിവരം ഇൻഷുറൻസ് കമ്പനികളെ അറിയിക്കാവുന്നതാണ്.
  • ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിന്.
  • അപകടത്തിനിടയാക്കിയ ഡ്രൈവർക്ക് അതുമായി ബന്ധപ്പെട്ട തെറ്റ് സമ്മതിച്ച് കൊണ്ട് ട്രാഫിക്ക് ആക്സിഡന്റ് അക്‌നോളഡ്ജ്‌മെന്റ് ഫയൽ ചെയ്യുന്നതിന്.
  • ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങൾ ലഭിക്കുന്നതിന്.

ഈ സേവനം ഉപയോഗിച്ച് കൊണ്ട് ചെറിയ വാഹനാപകടങ്ങൾ അറിയിക്കുന്നതിനായി ‘eTraffic’ ആപ്പ്, അല്ലെങ്കിൽ ഇൻഷുറൻസ് ഇലക്ട്രോണിക് ഫോം ഉപയോഗിക്കാവുന്നതാണ്. എന്നാൽ യാത്രികർക്ക് പരിക്കേൽക്കാനിടയാകുന്ന തരത്തിലുള്ള അപകടങ്ങളുമായി ബന്ധപ്പെട്ട് ഈ സംവിധാനം ഉപയോഗിക്കാനാകില്ല. അപകടത്തിനിടയാക്കിയ ഡ്രൈവർക്ക് അതുമായി ബന്ധപ്പെട്ട തെറ്റ് സമ്മതിക്കുന്നതിനായി ആപ്പിലെ ‘Traffic Accident Acknowledgment’ സംവിധാനം ഉപയോഗിക്കാം (അല്ലെങ്കിൽ https://www.bahrain.bh/new/ar/home_ar എന്ന പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.)