രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. ക്യാപിറ്റൽ ഗവർണറേറ്റിലെ വ്യാപാരശാലകൾ, പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് LMRA പരിശോധനകൾ നടത്തിയത്.
LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), ക്യാപിറ്റൽ ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ളവർക്കെതിരെ നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രവാസി തൊഴിലാളികൾ LMRA മാനദണ്ഡങ്ങൾ, നിബന്ധനകൾ എന്നിവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധന.
തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് LMRA നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ LMRA-യുടെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ നടത്തിയിരുന്നു.