രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി. നോർത്തേൺ ഗവർണറേറ്റിലാണ് LMRA ഈ പരിശോധനകൾ നടത്തിയത്.
LMRA-യുടെ കീഴിലുള്ള ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (NPRA), നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകൾ നടത്തിയത്. ഈ പരിശോധനകളുടെ ഭാഗമായി ഏതാനം അനധികൃത പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും LMRA വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരെ രാജ്യത്തെ നിയമങ്ങൾ അനുശാസിക്കുന്ന പ്രകാരം നാടുകടത്തുമെന്നും LMRA അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി LMRA രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധനകൾ നടത്തിവരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഇത്തരം പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്.