ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി LMRA

GCC News

രാജ്യത്തെ വിദേശ തൊഴിലാളികൾക്കിടയിൽ നടപ്പിലാക്കുന്ന പുതിയ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2022 ഡിസംബർ 4-നാണ് LMRA ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതി 2022 ഡിസംബർ 4, ഞായറാഴ്ച മുതൽ രാജ്യത്ത് ആരംഭിച്ചതായി LMRA വ്യക്തമാക്കി. ഫ്ലെക്സി പെർമിറ്റുകൾ ഒഴിവാക്കിക്കൊണ്ടുള്ള തൊഴിൽ മേഖലയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തൊഴിലാളികളുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ലക്ഷ്യമിട്ടാണ് ഈ ലേബർ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് LMRA ഈ പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, വർക്ക് പെർമിറ്റുകളെ കൃത്യമായ തൊഴിൽ മാനദണ്ഡങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ബഹ്‌റൈനിൽ നിലവിലുള്ള തൊഴിലാളികൾക്കും, ഫ്ലെക്സി പെർമിറ്റുകൾ ഉള്ളവർക്കും ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. സന്ദർശക വിസകളിലുള്ളവർ, പെർമിറ്റ് സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയിട്ടുളളവർ, കുറ്റകൃത്യങ്ങൾ നടത്തിയിട്ടുളളവർ തുടങ്ങിയിട്ടുള്ളവർക്ക് ഈ രജിസ്‌ട്രേഷനിൽ പങ്കെടുക്കാൻ അർഹതയില്ല.

തൊഴിലാളികൾക്ക് നിശ്ചിത ഫീസ് നൽകിക്കൊണ്ട് അംഗീകൃത സേവനകേന്ദ്രങ്ങളിൽ നിന്ന് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. https://lmra.bh/portal/en/page/show/424 എന്ന വിലാസത്തിൽ നിന്ന് ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.