രാജ്യത്ത് നിന്നും, വിദേശത്തു നിന്നും ലഭിക്കുന്ന സർവകലാശാല ബിരുദങ്ങൾ, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത തെളിയിക്കുന്നതിനായുള്ള പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനം നടത്തി. 2022 നവംബർ 28-നാണ് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം രേഖകളുടെ ആധികാരികത തെളിയിക്കുന്നതിനായി ഈ പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങൾക്ക് ബഹ്റൈൻ ക്യാബിനറ്റ് നേരത്തെ തന്നെ അംഗീകാരം നൽകിയിട്ടുണ്ട്.
നാഷണൽ ക്വാളിഫിക്കേഷൻസ് അസസ്മെന്റ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്യാതെ തന്നെ സർവകലാശാല ബിരുദങ്ങൾ, മറ്റു യോഗ്യതകൾ എന്നിവയുടെ ആധികാരികത പരിശോധിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമാ അറിയിച്ചു. പുതിയ നടപടിക്രമങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ, സംശയങ്ങൾക്കുള്ള മറുപടികൾ, അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ എന്നിവ ബഹ്റൈൻ നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ തീരുമാന പ്രകാരം മെഡിക്കൽ, എഞ്ചിനീയറിങ്ങ് ബിരുദങ്ങൾ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, കൗൺസിൽ ഫോർ റെഗുലേറ്റിംഗ് ദി പ്രാക്ടീസ് ഓഫ് എഞ്ചിനീയറിങ്ങ് പ്രൊഫെഷൻസ് എന്നിവർ ചേർന്ന് പരിശോധിക്കുന്നതാണ്. ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്, ആവശ്യമെങ്കിൽ, തങ്ങളുടെ കീഴിലുള്ള വിദേശ വിദ്യാഭ്യാസം നേടിയിട്ടുള്ള ജീവനക്കാരുടെ ഇത്തരം രേഖകളുടെ ആധികാരികത മന്ത്രാലയം നിയമിക്കുന്ന പ്രത്യേക സേവനദാതാക്കളിലൂടെ പരിശോധിക്കാവുന്നതാണ്.