ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി

Bahrain

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ പ്രതിരോധ നടപടികൾ, സുരക്ഷാ നിർദ്ദേശങ്ങൾ, COVID-19-നുമായി ബന്ധപ്പെട്ടുള്ള ആകസ്‌മികമായ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള നിർദ്ദേശങ്ങൾ മുതലായവ ഉൾക്കൊള്ളുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രവർത്തന മാനദണ്ഡങ്ങൾ.

വിദ്യാലയങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, അണുനശീകരണ നടപടികൾ, സമൂഹ അകലവുമായി ബന്ധപ്പെട്ടുള്ള മുൻകരുതലുകൾ, വിദ്യാർത്ഥികളെ സുരക്ഷിതമായ വിഭാഗങ്ങളാക്കി തിരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തുടങ്ങി വിദ്യാലയത്തിലെത്തുന്നവരുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ അധ്യയന വർഷത്തിലെ സമ്മിശ്ര രീതിയിലുള്ള പഠന സമ്പ്രദായത്തെക്കുറിച്ചും, അവ നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ ഈ രേഖയിൽ പ്രതിപാദിക്കുന്നുണ്ട്.

https://www.moe.gov.bh/pdf/advert/back-to-school.pdf എന്ന വിലാസത്തിൽ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഈ രേഖ ലഭ്യമാണ്. ഓരോ വിദ്യാലയങ്ങളിലും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രക്ഷിതാക്കളുമായുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും മന്ത്രാലയം വിദ്യാലയങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 6 മുതൽ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനം സെപ്റ്റംബർ 20, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. അതേസമയം, രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു.