രാജ്യത്ത് ആസ്ട്രസെനെക (കോവിഷീൽഡ്) COVID-19 വാക്സിൻ സ്വീകരിച്ച 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നതിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 7-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ആസ്ട്രസെനെക COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക്, രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുന്ന രീതിയാണ് മന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്. ആസ്ട്രസെനെക വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്.
60 വയസിന് മുകളിൽ പ്രായമുള്ളവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ആസ്ട്രസെനെക അല്ലെങ്കിൽ ഫൈസർ ബയോഎൻടെക് എന്നീ വാക്സിനുകൾ ബൂസ്റ്റർ ഡോസിനായി തിരഞ്ഞെടുക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് BeAware ആപ്പിലൂടെയോ, https://healthalert.gov.bh/en/ എന്ന വെബ്സൈറ്റിലൂടെയോ പൂർത്തിയാക്കാവുന്നതാണ്.
ഫൈസർ ബയോഎൻടെക്, സ്പുട്നിക് V തുടങ്ങിയ COVID-19 വാക്സിനുകളുടെ ബൂസ്റ്റർ ഡോസിനും ബഹ്‌റൈൻ നേരത്തെ അനുമതി നൽകിയിരുന്നു.