ബഹ്‌റൈൻ: മാർബർഗ് വൈറസ് രോഗസാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 31-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മാർബർഗ് വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (GCDPC) നൽകുന്ന കണക്കുകൾ അനുസരിച്ച് ഈ രോഗബാധ ബഹ്‌റൈനിലെത്താനുള്ള സാധ്യതകൾ വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇത് സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം തുടർച്ചയായി ലോകാരോഗ്യ സംഘടനയുമായും, GCDPC-യുമായും സമ്പർക്കത്തിൽ തുടരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.