ബഹ്‌റൈൻ: COVID-19 ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ എടുത്തവരിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Bahrain

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിച്ചവരിൽ പിന്നീട് ആശുപത്രി ചികിത്സ ആവശ്യമാകുന്ന രീതിയിലുള്ള കൊറോണാ വൈറസ് രോഗബാധയോ, കൊറോണാ വൈറസ് രോഗബാധയെത്തുടർന്നുള്ള മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ കുത്തിവെപ്പ് വ്യക്തികളിൽ COVID-19 വൈറസിനെതിരായ രോഗപ്രതിരോധ ശേഷി പരമാവധി ഉയർത്തുന്നതിൽ ഏറെ സഹായകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/MOH_Bahrain/status/1420122352785018893

ഇത്തരം ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ പിന്നീടുള്ള രോഗബാധ തീവ്രമാകാനുള്ള സാധ്യത വളരെ കുറവാണെന്നും, രോഗബാധയെത്തുടർന്നുള്ള ഗുരുതര സാഹചര്യങ്ങളും, മരണവും ഒഴിവാക്കുന്നതിൽ ഈ കുത്തിവെപ്പ് വിജയകരമാണെന്നും മന്ത്രാലയം തങ്ങളുടെ പഠനങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടുകൊണ്ട് വ്യക്തമാക്കി. ജൂലൈ 28-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിൽ COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ നൽകാൻ ആരംഭിച്ച ശേഷം വാക്സിൻ സ്വീകരിച്ചവരിൽ രണ്ടാഴ്ച്ചത്തെ സഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള ബുക്കിംഗ് ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.