രാജ്യത്ത് ഇത് വരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2022 ജൂലൈ 30-നാണ് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ജലീല അൽ സയ്ദ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ബഹ്‌റൈനിൽ നിലവിൽ മങ്കിപോക്സ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ നടപടി എന്ന രീതിയിൽ ഏതാനം ആരോഗ്യ സുരക്ഷാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി അവർ കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി മങ്കിപോക്സ് വൈറസിനെ അതിവേഗം പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ ബഹ്‌റൈൻ തീരുമാനിച്ചിട്ടുണ്ട്.
ബഹ്‌റൈനിൽ രോഗബാധ സ്ഥിരീകരിക്കുന്ന വ്യക്തികൾക്ക് 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച ശേഷം രോഗബാധിതനാണെന്ന് സ്ഥിരീകരിക്കുന്ന തീയതി മുതലാണ് ഈ ഐസൊലേഷൻ കാലാവധി കണക്കിലാക്കുന്നത്.
രോഗബാധിതർക്ക് ഈ ഐസൊലേഷൻ കാലാവധിയിൽ ആവശ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതാണ്. രോഗബാധിതനുമായി സമ്പർക്കത്തിനിടയായതായി സംശയിക്കുന്ന വ്യക്തികൾക്ക് സമ്പർക്കത്തിടയായ തീയതി മുതലാണ് ഐസൊലേഷൻ കണക്കാക്കുന്നത്.