ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

Bahrain

രാജ്യത്ത് കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായുള്ള റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂക്കിൽ നിന്നുള്ള സ്രവം പരിശോധിച്ച് രോഗബാധ കണ്ടെത്തുന്ന ഈ ടെസ്റ്റിംഗ് കേവലം 15 മിനിറ്റ് കൊണ്ട് പരിശോധനാ ഫലം അറിയുന്നതിന് സഹായകമാണ്.

ആദ്യ ഘട്ടത്തിൽ രാജ്യത്തെ അധ്യാപകർ, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, രോഗലക്ഷണങ്ങളുള്ളവർ തുടങ്ങി 20000 പേരിലാണ് ഈ പരിശോധനകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രൈമറി ഹെൽത്ത് കെയർ ലാബ് തലവൻ ബതൗൾ അൽ അലവി വ്യക്തമാക്കി. റാപിഡ് ടെസ്റ്റിംഗ് സേവനങ്ങൾക്ക്, COVID-19 PCR പരിശോധനകൾക്കായി ആവശ്യമായി വരുന്ന വലിയ ലാബ് പോലുള്ള സംവിധാനങ്ങൾ ആവശ്യമില്ല എന്നതിനാൽ വളരെ വേഗത്തിൽ കൂടുതൽ പേരിൽ പരിശോധനകൾ നടത്തുന്നതിന് സാധ്യമാണ്.

നിലവിൽ അംഗീകൃത ലാബുകളിൽ നിന്ന് ലഭിക്കുന്ന PCR റിസൾട്ടുകൾ പോലെ വിശ്വസനീയമാണ് റാപിഡ് ടെസ്റ്റിംഗ് ഫലങ്ങൾ എന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർക്ക്, നിലവിൽ രോഗബാധയുണ്ട് എന്ന് ഉറപ്പാക്കുന്നതിനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും, ഇവ പൂർണ്ണമായും PCR പരിശോധനകൾക്ക് പകരമല്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു. കുറഞ്ഞ സമയത്തിനിടയിൽ ഒരു വലിയ ജനവിഭാഗത്തിനിടയിൽ നിന്ന് രോഗസാന്നിധ്യമുള്ളവരെ തിരിച്ചറിയാൻ റാപിഡ് ടെസ്റ്റുകൾ ഫലപ്രദമാണ്.