ബഹ്‌റൈൻ: പ്രായമായവർക്ക് COVID-19 വാക്സിൻ നൽകുന്നതിനായി മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

Bahrain

രാജ്യത്തെ പ്രായമായവരിലേക്ക് COVID-19 വാക്സിനേഷൻ സേവനങ്ങൾ നേരിട്ടെത്തിക്കുന്നതിനായി പ്രത്യേക മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 13, ബുധനാഴ്ച്ച വൈകീട്ടാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ആരോഗ്യ മന്ത്രാലയം ഇത്തരം ഒരു സേവനം ആരംഭിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാൻ താത്പര്യപ്പെടുന്നവർ, വാക്സിൻ ലഭിക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള മുൻ‌കൂർ ബുക്കിംഗ് പൂർത്തിയാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

https://healthalert.gov.bh/en/category/vaccine എന്ന വിലാസത്തിൽ ഈ രെജിസ്ട്രേഷൻ പൂർത്തിയാകാവുന്നതാണ്. രാജ്യത്തെ 18 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിൻ, ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ എന്നിങ്ങനെ രണ്ട് തരം വാക്സിനുകൾ ബഹ്‌റൈനിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.