ആരോഗ്യ സംബന്ധമായ അറിയിപ്പുകളും, വിവരങ്ങളും പൊതുസമൂഹവുമായി പങ്ക് വെക്കുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു ആരോഗ്യ വിവരങ്ങൾക്ക് പുറമെ, പൗരന്മാരുടെയും, നിവാസികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിയായി നടപ്പിലാക്കുന്ന സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച വിവരങ്ങളും ഈ വെബ്സൈറ്റിലൂടെ ലഭ്യമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
https://healthalert.gov.bh/ എന്ന വിലാസത്തിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഈ വെബ്സൈറ്റ് ലഭ്യമാണ്. പുതിയ വെബ്സൈറ്റ് പ്രവർത്തനമാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, രാജ്യത്തെ COVID-19 പ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ മുൻകരുതൽ നടപടികൾ, രോഗപ്രതിരോധത്തിനായി സർക്കാർ തലത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ, രോഗബാധയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുതലായവ ഇതിലൂടെ ലഭ്യമാക്കുന്നതാണ്.
ഇതിനു പുറമെ COVID-19 സംബന്ധമായ വാർത്തകൾ, അറിയിപ്പുകൾ, രോഗബാധയുടെ കണക്കുകൾ, കോൺടാക്ട് ട്രേസിങ്ങ് റിപ്പോർട്ടുകൾ, രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോ ദൃശ്യങ്ങൾ എന്നിവയും ഈ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. ബഹ്‌റൈനിൽ കൊറോണ വൈറസ് ചികിത്സ ലഭ്യമാകുന്ന അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ വിവരങ്ങൾ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, COVID-19-നു മായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ എന്നിവയും ഈ വെബ്‌സൈറ്റിൽ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.