ബഹ്‌റൈൻ: ഈദുൽ അദ്ഹ വേളയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

Bahrain

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സുരക്ഷയും, ചുറ്റുമുള്ളവരുടെ സുരക്ഷയും മുൻനിർത്തി, COVID-19 വൈറസ് വ്യാപനം തടയുന്നതിനായി മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള സമൂഹ അകലം ഉൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പൂർണ്ണമായും പാലിച്ച് കൊണ്ട്, ബലിപെരുന്നാൾ ആഘോഷങ്ങളിൽ പങ്ക് ചേരാൻ ഓരോരുത്തരോടും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഈദുൽ അദ്ഹ വേളയിൽ, കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിലെ വർധനവിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാനാവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളാൻ പൊതു സമൂഹത്തിനോട് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (SCH) നിർദ്ദേശിച്ചിട്ടുണ്ട്. സാമൂഹികമായ ഒത്തുചേരലുകൾ ഒഴിവാക്കാനും, പ്രായമായവരുടെയും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും, നിവാസിക്കും ഉത്തരവാദിത്വമുണ്ടെന്നും SCH ചൂണ്ടിക്കാട്ടി.

ഈദുൽ അദ്ഹ വേളയിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ:

  • ആഘോഷങ്ങളുടെ ഭാഗമായുള്ള ഒത്തു ചേരലുകളിൽ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുക.
  • സാമൂഹികമായ സന്ദർശനങ്ങളും, ഒത്തുകൂടലുകളും ഒഴിവാക്കണം. സമൂഹ അകലം ഉറപ്പാക്കണം.
  • സമൂഹ അകലം പാലിക്കുന്നതിന്റെ ഭാഗമായി പെരുന്നാൾ ആശംസകൾ അറിയിക്കുന്നതിനായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം.
  • കുട്ടികൾക്ക് പെരുന്നാൾ സമ്മാനമായി പണം നൽകുന്നതിന് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.