ബഹ്‌റൈൻ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു

Bahrain

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. ഏപ്രിൽ 20 മുതൽ മെയ് 3 വരെയുള്ള കാലയളവിൽ രാജ്യത്തെ 15000-ത്തിൽ പരം ആളുകൾ COVID-19 രോഗബാധിതരായതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

https://twitter.com/MOH_Bahrain/status/1391132507400294404

മെയ് 9-നാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പൊതുസമൂഹത്തിൽ തുടർന്ന് വരുന്ന COVID-19 സുരക്ഷാ നിർദ്ദേശങ്ങളോടുള്ള അവഗണന, നിയമങ്ങൾ പാലിക്കുന്നതിലെ വിമുഖത എന്നിവ രോഗവ്യാപനം ഉയരുന്നതിന് പ്രധാന കാരണമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒത്ത് ചേരുന്നത് ഒഴിവാക്കുന്നതിനും, സമൂഹ അകലം പാലിക്കുന്നതിനും, സമ്പർക്കം ഒഴിവാക്കുന്നതിനും രാജ്യത്തേർപ്പെടുത്തിയിട്ടുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് തുടരുന്ന വീഴ്ച്ചകളിൽ മന്ത്രാലയം നിരാശ രേഖപ്പെടുത്തി. വീടുകളിലും മറ്റും സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്ചേരലുകൾ, പൊതു ഇടങ്ങളിൽ നിന്നും, യാത്രകളിലും രോഗബാധിതരുമായി ഉണ്ടാകുന്ന സമ്പർക്കം മുതലായവയാണ് നിലവിൽ ബഹ്‌റൈനിൽ രോഗവ്യാപനം രൂക്ഷമായി തുടരാൻ കാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

രോഗബാധിതരുടെ എണ്ണം ഉയരുന്നത് രാജ്യത്തെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ഉണ്ടാകുന്ന സമ്മർദ്ധം വളരെ വലുതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാനും, വാക്സിൻ സ്വീകരിക്കാനും മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.

വാക്സിനേഷൻ എടുക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം പ്രത്യേകം ചൂണ്ടിക്കാട്ടി. മെയ് 7-ലെ കണക്ക് പ്രകാരം രോഗബാധിതരായവരിൽ 78 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഐസിയു ചികിത്സ ആവശ്യമായി വരുന്നവരിൽ 94 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.