COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഈ നടപടി വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ മുഴുവൻ പൗരന്മാരുടെയും, പ്രവാസികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. അതിനാൽ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടത് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശപ്രകാരം ഇത്തരം ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ മറ്റ് ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ) മാസ്കുകൾ നിർബന്ധമല്ലെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ പ്രായമായവർക്കും, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർക്കുമൊപ്പം സമയം ചെലവഴിക്കുന്ന വേളകളിൽ മാസ്കുകൾ ധരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് COVID-19 രോഗവ്യാപനം തടയുന്നതിനുള്ള വാക്സിനേഷൻ ഉൾപ്പടെയുള്ള നടപടികൾ തുടരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.