ബഹ്‌റൈൻ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം; പരിശോധനകൾ ശക്തം

GCC News

COVID-19 രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി റമദാൻ വേളയിലെ സാമൂഹിക രീതികളിലും, ആഘോഷങ്ങളിലും മാറ്റങ്ങൾ വരുത്താനും അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും, സാമൂഹിക ഒത്ത്ചേരലുകൾ, അനാവശ്യമായുള്ള എന്നിവ യാത്രകൾ ഒഴിവാക്കാനും അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. മെയ് 1-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നതായും മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ പോലീസ് വകുപ്പുകളുമായി ചേർന്ന് ഇത്തരം പരിശോധനകൾ തുടരുന്നതായും, നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം വ്യക്തമാക്കി.

പൊതുസമൂഹത്തിൽ COVID-19 പ്രതിരോധ നടപടികളിൽ അവബോധം വളർത്തുന്നതിനായി 2021 ഏപ്രിൽ 29 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 9128 ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. മാസ്കുകൾ കൃത്യമായി ധരിക്കുന്നതിൽ വീഴ്ച്ചവരുത്തിയ 74007 പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 9048 പേർക്കെതിരെ അധികൃതർ ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.