ബഹ്‌റൈൻ: യെല്ലോ ലെവൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു

GCC News

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ COVID-19 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെയാണ് ബഹ്‌റൈനിൽ യെല്ലോ ലെവൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 31 വരെ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം BeAware ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം, രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായി നിയന്ത്രിക്കുന്നതാണ്.

  • സിനിമാശാലകൾ (പ്രവർത്തനം പരമാവധി അമ്പത് ശതമാനം ശേഷിയിൽ).
  • ഷോപ്പിംഗ് മാൾ.
  • റെസ്റ്ററന്റുകൾ, കഫെ എന്നിവിടങ്ങളിലെ ഇൻഡോർ സേവനം.
  • ഇൻഡോർ സ്വിമ്മിങ്ങ് പൂളുകൾ.
  • ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
  • വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ (ഇത്തരം ഇൻഡോർ ഇടങ്ങളുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
  • പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം പരിപാടികൾ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).
  • കായിക മത്സരങ്ങളുടെ വേദികൾ (ഇൻഡോർ ഇടങ്ങളിൽ നടത്തുന്ന ഇത്തരം മത്സരങ്ങളുടെ വേദിയുടെ പരമാവധി ശേഷിയുടെ അമ്പത് ശതമാനം പേർക്ക് പ്രവേശനം).

ഈ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ സർക്കാർ ഓഫീസുകളിൽ 30 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതാണ്. ഒറ്റപ്പെട്ട് നിൽക്കുന്ന സർക്കാർ ഓഫീസുകൾ, ചില്ലറവില്പനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്. വീടുകളിൽ വെച്ച് സംഘടിപ്പിക്കുന്ന പരമാവധി 30 പേർ പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളിലും വാക്സിനെടുത്തവർക്കും, അല്ലാത്തവർക്കും പ്രവേശനം അനുവദിക്കുന്നതാണ്.

2021 ജൂലൈ മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ രേഖപ്പെടുത്തുന്നതിനും, COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനുമായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനമാണ് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഉപയോഗിക്കുന്നത്.

2021 ഡിസംബർ 19 മുതൽ രാജ്യത്ത് യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഡിസംബർ 14-ന് അറിയിച്ചിരുന്നു.