രാജ്യത്ത് കോവാക്സിൻ COVID-19 വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അനുമതി നൽകിയതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ഭാരത് ബയോടെക് കമ്പനിയാണ് കോവാക്സിൻ നിർമ്മിക്കുന്നത്.
കോവാക്സിന്റെ സഫലത സംബന്ധിച്ച് ഭാരത് ബയോടെക് നൽകിയ ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ച ശേഷമാണ് NHRA ഇക്കാര്യം തീരുമാനിച്ചത്. NHRA-യുടെ കീഴിലുള്ള ക്ലിനിക്കൽ ട്രയൽസ് കമ്മിറ്റി, ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ കമ്മിറ്റി എന്നിവരാണ് ഈ വിവരങ്ങൾ പരിശോധിച്ചത്.
ഇരുപത്താറായിരത്തിലധികം പേർ പങ്കെടുത്ത ഈ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രണ്ട് ഡോസ് സ്വീകരിച്ചവരിൽ കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തി രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ COVID-19 രോഗബാധയ്ക്കെതിരെ വാക്സിൻ 93.4 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കോവാക്സിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് ലോകാരോഗ്യ സംഘടന ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു. ബഹ്റൈനിലെ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ഉപയോഗിക്കുന്നതിനാണ് കോവാക്സിന് NHRA അനുമതി നൽകിയിരിക്കുന്നത്.