ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചു

Bahrain

രാജ്യത്തെ പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനും, പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനും സഹായിക്കുന്ന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്സ് (NIHR) അറിയിച്ചു. ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്.

രാജ്യത്തെ തൊഴിൽ മേഖലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ തുടരുന്നതാണ്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ ഈ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഇത്തരം നിയമലംഘനങ്ങൾ കാമറയിൽ പകർത്തി, സ്ഥലം, സമയം എന്നിവ സഹിതം 17111666 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ NIHR അധികൃതരെ അറിയിക്കാം. ഇതിനായി 8000114 എന്ന ഹോട്ട് ലൈൻ, complaint@nihr.org.bh എന്ന ഇമെയിൽ വിലാസം എന്നിവയും ഉപയോഗിക്കാവുന്നതാണ്.