തങ്ങളുടെ ഏതാനം സേവനകേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം കുറയ്ക്കുന്നതിന് തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. NPRA-യുടെ മുഹറഖ്, ഇസ ടൌൺ എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിലാണ് നിലവിൽ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ വിഭാഗം മുന്നോട്ട് വെച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഫെബ്രുവരി 14-നാണ് NPRA ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി NPRA സേവനങ്ങൾക്കായി ഓൺലൈൻ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു. സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനും, സേവനകേന്ദ്രങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ സഹായിക്കുമെന്നും NPRA കൂട്ടിച്ചേർത്തു.
ഓൺലൈനിലൂടെ പൂർത്തിയാക്കാൻ സാധിക്കാത്തതും, നേടാൻ കഴിയാത്തതുമായ സേവനങ്ങൾക്ക് മാത്രമേ സേവനകേന്ദ്രങ്ങൾ സന്ദർശിക്കാവൂ എന്നും NPRA അറിയിച്ചിട്ടുണ്ട്. സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്ന ഇത്തരം സന്ദർഭങ്ങളിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദർശകർ സേവനകേന്ദ്രങ്ങളിലേക്ക് തങ്ങളുടെ കൂടെ കുട്ടികളെയോ, മറ്റുള്ളവരെയോ കൊണ്ടുവരരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
https://www.npra.gov.bh/ എന്ന വിലാസത്തിലൂടെ റെസിഡൻസി പുതുക്കുന്നതിനും, പുതിയ റെസിഡൻസി നേടുന്നതിനും, റെസിഡൻസി റദ്ദാക്കുന്നതിനുമുള്ള സേവനങ്ങൾ ലഭിക്കുന്നതാണ്. സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർക്ക് മുൻകൂർ അനുമതി നിർബന്ധമാണെന്നും NPRA വ്യക്തമാക്കി. ‘Skiplino’ ആപ്പിലൂടെ ഇത്തരം മുൻകൂർ അനുമതികൾ ലഭ്യമാകുന്നതാണ്. ഇത് സംബന്ധിച്ച സംശയനിവാരണത്തിനായി 17399764 എന്ന നമ്പറിലൂടെയോ, https://services.bahrain.bh/wps/portal/tawasul/ എന്ന വിലാസത്തിലൂടെയോ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.