എക്സ്പോ 2020 ദുബായ്: ബഹ്‌റൈൻ പവലിയനിൽ സുസ്ഥിര നഗരങ്ങളുടെ പ്രദർശനം ആരംഭിച്ചു

GCC News

എക്സ്പോ 2020 ദുബായ് വേദിയിലെ ബഹ്‌റൈൻ പവലിയനിൽ സുസ്ഥിര നഗരങ്ങളുടെ ഒരു പ്രത്യേക പ്രദർശനം ഉദ്ഘാടനം ചെയ്തു. ‘ചരിത്രത്തിന്റെ ആഖ്യാനം’ എന്ന ആശയത്തിലൂന്നി ബഹ്‌റൈൻ പവലിയനിൽ നടത്തുന്ന പ്രത്യേക പ്രദർശനങ്ങളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഹരിതം – നിർമാണ വസ്തുക്കൾ മുതൽ നിർമ്മിതി വരെ’, ‘കാലികമായ ഉറവകൾ’ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

‘ഹരിതം – നിർമാണ വസ്തുക്കൾ മുതൽ നിർമ്മിതി വരെ’ എന്ന പ്രദർശനത്തിൽ പ്രകൃതിയിൽ നിന്നുള്ളതും, വ്യാവസായികമായതുമായ നിർമ്മാണ വസ്തുക്കൾ സംയോജിപ്പിച്ച് കൊണ്ട് തയാറാക്കിയ വിവിധ കലാ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോസീ മാഗി, ആമിന അഗ്സ്‌നൈ എന്നിവർ ഒരുക്കിയിട്ടുള്ള ഈ കല സൃഷ്ടികൾ പൈതൃകം, സുസ്ഥിരത എന്നിവ തമ്മിലുള്ള പ്രധാന ബന്ധങ്ങളെ എടുത്ത് കാട്ടുന്നു.

‘കാലികമായ ഉറവകൾ’ എന്ന പ്രദർശനം മാർച്ച് മാസം അവസാനത്തിൽ ഉദ്‌ഘാടനം ചെയ്യുന്നതാണ്. ബഹ്‌റൈനിന്റെ എക്സ്പോ 2020-യിലെ വാട്ടർ വീക്ക് പരിപാടികളിലെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ പ്രദർശനം. മഴവെള്ളം ശേഖരിക്കുന്ന ഏതാനം താത്കാലിക ഫൗണ്ടനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ജലാശയങ്ങൾ ഉൾപ്പെടുന്ന പൊതുഇടങ്ങൾ സൃഷ്ടിക്കുന്നതിനും, ഋതുക്കൾ മാറുന്നതിന് അനുസരിച്ച് നീരുറവകൾ വറ്റുന്നത് ചൂണ്ടിക്കാട്ടുന്നതിനുമായാണ് ഈ പ്രദർശനം ലക്ഷ്യമിടുന്നത്. മഴവെള്ളം നേരിട്ട് സമുദ്രത്തിലേക്ക് ഒഴുകി പോകുന്നത് തടയുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.