ബഹ്‌റൈനിലെത്തുന്നവരുടെ COVID-19 പരിശോധനകളുടെ ഫീസ് 40 ദിനാറാക്കി കുറച്ചു

GCC News

ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവരുടെ COVID-19 PCR ലാബ് പരിശോധനകളുടെ ഫീസ് 40 ദിനാറാക്കി കുറച്ചതായി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. നേരത്തെ ഈ പരിശോധനകൾക്ക് 60 ദിനാറാണ് ഈടാക്കിയിരുന്നത്. ഡിസംബർ 1 മുതൽ പുതുക്കിയ ഫീസ് നിലവിൽ വരുന്നതാണ്.

ബഹ്‌റൈനിലെത്തുന്ന പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങി മുഴുവൻ പേർക്കും ഈ തീരുമാനം ബാധകമാണ്. 40 ദിനാർ ഫീസിൽ രാജ്യത്ത് പ്രവേശിച്ച ഉടൻ നടത്തുന്ന PCR ടെസ്റ്റ്, പത്താം ദിനത്തിൽ നടത്തുന്ന ടെസ്റ്റ് എന്നിവയുടെ ചാർജുകൾ ഉൾപ്പെടുന്നതാണ്.

രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ബി അവയെർ ആപ്പിന്റെ ഉപയോഗം ഉൾപ്പടെയുള്ള മറ്റു പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ തുടരുമെന്നും ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. രാജ്യത്ത് പ്രവേശിച്ച ശേഷം നടത്തുന്ന ടെസ്റ്റുകളിൽ നെഗറ്റീവ് ആകുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഐസൊലേഷനിൽ തുടരാവുന്നതാണ്. രാജ്യത്ത് പത്ത് ദിവസത്തിൽ കൂടുതൽ തുടരുന്നവർ, പത്താം ദിവസം ഒരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. ഇതിൽ പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്.