രാജ്യത്തെ പള്ളികളിലേക്കുള്ള പ്രവേശനം ‘BeAware’ ആപ്പിൽ ‘ഗ്രീൻ ഷീൽഡ്’ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ, COVID-19 വ്യാപനം തടയുന്നതിനായി, പള്ളികളിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്:
- പള്ളികൾ പ്രാർത്ഥനകൾക്ക് 10 മിനിറ്റ് മുൻപ് മാത്രം തുറക്കുന്നതാണ്.
- പ്രാർത്ഥനകൾക്ക് ശേഷം പത്ത് മിനിറ്റിനകം പള്ളികൾ അടയ്ക്കുന്നതാണ്.
- പ്രാർത്ഥനകൾക്ക് ശേഷം പള്ളികളിൽ തുടരാൻ വിശ്വാസികൾക്ക് അനുവാദം നൽകുന്നതല്ല.
- COVID-19 രോഗലക്ഷണങ്ങളുള്ളവർ പള്ളികളിൽ പ്രവേശിക്കരുത്.
- പള്ളികളിലെത്തുന്ന മുഴുവൻ പേർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
- പള്ളികളിലെത്തുന്നവർ തങ്ങളുടെ കൈവശം സ്വന്തം നിസ്കാര പായകൾ കരുതേണ്ടതാണ്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ തമ്മിൽ 2 മീറ്ററെങ്കിലും സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- കൈകൾ ശുചിയാക്കുന്നതിനായുള്ള സാനിറ്റൈസർ പള്ളികളുടെ പ്രവേശന കവാടങ്ങളിൽ ഉറപ്പ് വരുത്തുന്നതാണ്.
- പ്രാർത്ഥനകൾക്കായി കുട്ടികൾക്ക് പള്ളികളിലേക്ക് പ്രവേശം നൽകുന്നതല്ല.