രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ COVID-19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇതുവരെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും COVID-19 പരിശോധനകൾക്ക് ശേഷം 10 ദിവസത്തേക്ക് നിർബന്ധമായും ക്വാറന്റീനിൽ തുടരേണ്ടി വന്നിരുന്നു. പുതിയ തീരുമാന പ്രകാരം ഈ ക്വാറന്റീൻ നടപടി ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ, നടപടിക്രമങ്ങളിലെ മാറ്റങ്ങളോടെ COVID-19 ടെസ്റ്റിംഗ് തുടരാനും തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 മുതൽ ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പുതിയ തീരുമാനപ്രകാരം ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും സ്വന്തം ചെലവിൽ രണ്ട് COVID-19 ടെസ്റ്റുകൾക്ക് വിധേയരാകേണ്ടി വരുന്നതാണ്. ആദ്യ ടെസ്റ്റ് രാജ്യത്ത് പ്രവേശിച്ച ഉടനെയും, രണ്ടാമത്തെ ടെസ്റ്റ് ബഹ്‌റൈനിൽ പ്രവേശിച്ച് 10 ദിവസത്തിന് ശേഷവുമാണ് നടത്തേണ്ടത്. 60 ബഹ്‌റൈനി ദിനറാണ് ഇതിനു വരുന്ന ചെലവ്.
ഇതിലെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ, യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. എന്നാൽ നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ, ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള സ്വയം ഐസൊലേഷനിൽ തുടർന്ന് കൊള്ളാം എന്ന സത്യവാങ്ങ് മൂലം എല്ലാ യാത്രികരും നൽകേണ്ടതാണ്. ഇതിനു പുറമെ രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രികരും ബഹ്‌റൈനിലെ COVID-19 ട്രാക്കിംഗ് സ്മാർട്ട് ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.