സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളുന്നതിനുമായി രാജ്യത്ത് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 5, തിങ്കളാഴ്ച്ചയാണ് BNA ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നവരെ കണ്ടെത്തുന്നതിനും, കള്ളപ്പണ ഇടപാടുകൾ തടയുന്നതിനും, ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബഹ്‌റൈൻ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബഹ്‌റൈൻ അറ്റോർണി ജനറൽ അലി ഫദൽ അൽ ബുഐനൈനാണ് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളുടെ പിന്തുണയോടെ ഒരു പബ്ലിക് അഡ്വക്കേറ്റായിരിക്കും ഈ പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് ചുമതലകൾ നിർവഹിക്കുന്നത്.
കൈക്കൂലി, ഔദ്യോഗിക ധനം അപഹരിക്കൽ, പൊതുമുതൽ സ്വാധീനപ്പെടുത്തല്‍, പൊതുമുതൽ അപഹരിക്കാൻ കൂട്ടുനിൽക്കൽ, പൊതുമുതൽ അറിഞ്ഞു കൊണ്ട് നശിപ്പിക്കുക, ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുക മുതലായ കുറ്റകൃത്യങ്ങൾ ഈ പ്രത്യേക പ്രോസിക്യൂഷൻ ഓഫീസിനു കീഴിലായിരിക്കും അന്വേഷിക്കുക. രാജ്യത്തെ 2001/ 4 നിയമപ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവയും ഈ ഓഫീസിന്റെ അന്വേഷണ പരിധിയിൽ വരുന്നതാണ്.
രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന്റെ ആദ്യ പടി എന്ന രീതിയിലാണ് ഈ പ്രത്യേക ഓഫീസിനു രൂപം നൽകിയിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന് ലഭിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മുഴുവൻ സമയവും അന്വേഷണങ്ങൾക്കും, നടപടികൾ എടുക്കുന്നതിനും സമർപ്പിക്കുന്ന രീതിയിലാണ് ഈ വകുപ്പ് പ്രവർത്തിക്കുക.