രാജ്യത്ത് അനധികൃതമായ രീതിയിൽ ഒത്ത്ചേരലുകൾ സംഘടിപ്പിച്ചവർക്കെതിരെയും, ഇത്തരം സാമൂഹിക കൂടിച്ചേരലുകളിൽ പങ്കെടുത്തവർക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടതായി ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസ് സാഹചര്യത്തിൽ ഇത്തരം ഒത്ത്‌ചേരലുകൾക്ക് ബഹ്‌റൈൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരം ഒത്ത്ചേരലുകൾ പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് മുന്നോട്ട് വെച്ചിട്ടുള്ള COVID-19 പ്രതിരോധ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം നിയമങ്ങൾ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തുന്നതാണെന്നും, ഇതിൽ വീഴ്ച്ചകൾ വരുത്താതെ അവ പിൻതുടരേണ്ട ഉത്തരവാദിത്വം മുഴുവൻ ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.