2021 സെപ്റ്റംബർ 3, വെള്ളിയാഴ്ച്ച മുതൽ രാജ്യത്ത് ഗ്രീൻ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 1-ന് വൈകീട്ട് ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ സെപ്റ്റംബർ 3 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്കുള്ള പ്രവേശനം BeAware ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം, രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കും മാത്രമായി നിയന്ത്രിക്കുന്നതാണ്.
- സിനിമാശാലകൾ.
- ഇൻഡോറിൽ വെച്ച് നടത്തുന്ന പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ.
- ഇൻഡോർ കായിക മത്സരങ്ങളുടെ വേദികൾ.
ഗ്രീൻ അലേർട്ട് പ്രാബല്യത്തിൽ വരുന്നതോടെ താഴെ പറയുന്ന ഇടങ്ങളിലേക്ക് എല്ലാവർക്കും പ്രവേശനം നൽകുന്നതാണ്:
- ഷോപ്പിംഗ് മാൾ.
- വാണിജ്യശാലകൾ.
- റെസ്റ്ററന്റുകൾ, കഫെ.
- സ്വിമ്മിങ്ങ് പൂളുകൾ.
- ബാർബർ ഷോപ്പ്, സലൂൺ, സ്പാ.
- വിനോദകേന്ദ്രങ്ങൾ, കളിയിടങ്ങൾ.
- സർക്കാർ സ്ഥാപനങ്ങൾ.
- ഔട്ട്ഡോറിൽ വെച്ച് നടത്തുന്ന പരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങിയവ.
- ഔട്ട്ഡോർ കായിക മത്സരങ്ങളുടെ വേദികൾ.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്. ഈ സംവിധാന പ്രകാരം, COVID-19 നിയന്ത്രണങ്ങളിൽ ഏറ്റവും കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുള്ളത് ഗ്രീൻ അലേർട്ട് ലെവലിലാണ്.