2021 ഓഗസ്റ്റ് 18, 19 ദിവസങ്ങളിൽ രാജ്യത്ത് ഓറഞ്ച് ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുറയുമായി ബന്ധപ്പെട്ട അവധി ദിനങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനായാണ് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഓഗസ്റ്റ് 15-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ദിവസങ്ങളിൽ രാജ്യത്തെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
2021 ഓഗസ്റ്റ് 20, വെള്ളിയാഴ്ച്ച മുതൽ ബഹ്‌റൈനിൽ യെല്ലോ അലേർട്ട് ലെവൽ തിരികെ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 40 വയസിന് മുകളിൽ പ്രായമുള്ളവരിൽ 80 ശതമാനം പേർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകി പൂർത്തിയാകുന്നതു വരെ യെല്ലോ അലേർട്ട് തുടരുമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ജൂലൈ 2 മുതൽ ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കളർ ലെവൽ പ്രകാരമാണ് ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നത്.