ബഹ്‌റൈൻ: 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തുന്നു

GCC News

പാനീയങ്ങൾ, കുടിവെള്ളം എന്നിവ നൽകുന്നതിനായി ഇരുനൂറ് മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കുന്നതിന് ബഹ്‌റൈൻ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിലെ ടെസ്റ്റിംഗ് ആൻഡ് മെട്രോളജി ഡയറക്ടറേറ്റാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഈ തീരുമാനപ്രകാരം ഇത്തരം കുപ്പികളുടെ ഉത്പാദനം, വിതരണം എന്നിവയ്ക്കും, 200 മില്ലീലിറ്ററിൽ താഴെ പാനീയങ്ങൾ അടങ്ങിയ കുപ്പികൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും ഡയറക്ടറേറ്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാധാരണ കുടിവെള്ളം, മിനറൽ വാട്ടർ, സ്പാർക്കിളിങ്ങ് വാട്ടർ, മറ്റു മധുരപാനീയങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പാനീയങ്ങൾ അടങ്ങിയ എല്ലാ തരം 200 മില്ലീലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കും ഈ വിലക്ക് ബാധകമാണ്.

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇത്തരം ഒരു തീരുമാനം. 2021 നവംബറിൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസിന്റെ (COP26 കാലാവസ്ഥാ ഉച്ചകോടി) ഭാഗമായി പ്രഖ്യാപിക്കപ്പെട്ട, പരിസ്ഥിതിയ്ക്ക് ഏറ്റവും ദോഷകരമായ ഏതാനം സാധനങ്ങൾക്ക് 2022 ജൂൺ മാസത്തിന് മുൻപായി വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബഹ്‌റൈൻ ഈ വിലക്ക് നടപ്പിലാക്കുന്നത്.