സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു. 2022 സെപ്റ്റംബർ 10-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് സൗദി ദേശീയ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ ‘നിങ്ങളെ കാണുന്നതിൽ അതിയായ ആഹ്ലാദമുണ്ട്’ എന്ന ആശയത്തിൽ ഊന്നിയുള്ള പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് BTEA അറിയിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ എന്നിവ ഉൾപ്പടെയുള്ള പ്രധാന ടൂറിസ്റ്റ് ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്. സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകർക്കായി പ്രത്യേക പാക്കേജുകൾ ഒരുക്കുന്നതിന് രാജ്യത്തെ ടൂറിസം സ്ഥാപനങ്ങൾക്കും, ഹോട്ടലുകൾക്കും BTEA നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാബ് അൽ ബഹ്‌റൈൻ, അൽ ലീവാൻ കോംപ്ലക്സ്, സിറ്റി സെന്റർ ബഹ്‌റൈൻ, ദി അവെന്യൂസ് ബഹ്‌റൈൻ, ദി ദിൽമുനിയാ മാൾ, ദി സീഫ് മാൾ, വാട്ടർ ഗാർഡൻ സിറ്റി, ബിലാജ് അൽ ജസായെർ ബീച്ച്, മറസി ബീച്ച്, ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമുൻ മുതലായ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം പ്രത്യേക ആഘോഷ പരിപാടികൾ ഒരുക്കുമെന്ന് BTEA അറിയിച്ചിട്ടുണ്ട്.